എന്‍റെ ബാല്ല്യകാലം എന്‍റെ സുവര്‍ണകാലം



  എന്‍റെ കുട്ടിക്കാലം എത്ര മനോഹരം ആയിരുന്നു, ഇന്നത്തെ കുട്ടികള്‍ക്കൊന്നും ആ മനോഹാരിത അനുഭവിക്കാനുള്ള ഭാഗ്യം ഇല്ലാതെ പോയി, അവര്‍ കംപ്യുട്ടറിനും ഇന്റര്‍നെറ്റിനും ടെലിവിഷനുമൊക്കെ മുന്‍പിലിരുന്ന്‍ അവരുടെ ജീവിതത്തിലെ അറ്റവും മനോഹരമായ ദിനങ്ങളെ, ബാല്ല്യത്തെ കൊല്ലുകയാണ്. എന്‍റെ അഭിപ്രായത്തില്‍ ഒരു മനുഷ്യ ജന്മത്തിന്‍റെ ഏറ്റവും മധുരവും നിഷ്ക്കളങ്കവുമായ കാലഘട്ടമാണ്‌ അവന്‍റെ ബാല്ല്യകാലം. 

‌‍"എന്‍റെ കുട്ടിക്കാലം ഞാനോര്‍ക്കുന്നു
അതൊരു പൂമ്പാറ്റയെ പോലെ,
ഒരു പൂതതുമ്പിയെ പോലെ,
ഒരു മഞ്ഞു നീര്‍ക്കണം പോലെ
ഒരു അപ്പുപ്പന്‍ താടിപോലെ
നൈര്‍മല്ല്യമാര്‍ന്നതും മനോഹരവുമായിരുന്നു."


 ‘ചുവന്ന നിറമുള്ള വലിയ തുമ്പി’, ഞങ്ങള്‍ കുട്ടികളതിനെ ആനതതുംബി എന്നാണ് വിളിക്കാറ്, അതിനെ പിടിക്കുക എന്നത് എന്‍റെ ഒരു വലിയ മോഹം ആയിരുന്നു, അതിനു വേണ്ടി പരിശ്രമിച്ചു ഞാന്‍ പലതവണ പരാജയപെട്ടിട്ടുണ്ട്‌ താനും. എന്നാലും പതിയെ പതിയെ ശബ്ദം ഉണ്ടാക്കാതെ തുമ്പിയുടെ പിന്നാലെ നടക്കുന്ന ഓരോ നിമിഷവും  ഞാന്‍ വിചാരിച്ചു എന്‍റെ പരിശ്രമത്തില്‍ ഉടന്‍ തന്നെ  ഞാന്‍ വിജയിക്കുമെന്ന്, പക്ഷേ ഇന്നും അതൊരു പരാജയമായിട്ടു ബാക്കിനില്ക്കുന്നു.
നിങ്ങള്‍ വിശ്വസിക്കുമോ എന്നറിയില്ല അറബിക്കടലിനടുത്തായിരുന്നു എന്‍റെ കൊച്ചു വീട്. കടലിന്‍റെ സൗന്ദര്യം വേണ്ടുവോളം കണ്ട് ആസ്വദിച്ചാണ്  ഞാന്‍ വളര്‍ന്ന്ത് എന്താ അസൂയ തോന്നുന്നുണ്ടോ നിങ്ങള്‍ക്ക്.... സന്ധ്യമയങ്ങുന്ന നേരത്ത് സൂര്യന്‍ കടലിലേക്കു മുങ്ങാംകുഴിയിട്ടു പോകുന്ന സമയം ചെറിയ ചുവപ്പും മഞ്ഞയും കലര്‍ന്ന ഒരു പ്രകാശം പരക്കും ഹോ! അതു വല്ലാത്തൊരനുഭൂതി ആണ് അനുഭവിച്ചവര്‍ക്കെ അറിയൂ അതിന്‍റെ സുഖം. കടലില്‍ ആസമയതത് ബോട്ടുകളും കപ്പലുകളും നങ്കൂരമിട്ടു കിടക്കുന്നുണ്ടാകും അതിലെ വെളിച്ചം കാണുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ പറയും “ ദേ! നോക്ക് അമേരിക്കയില്‍ നേരം പുലര്‍ന്നു വെളിച്ചം കണ്ടോ “ കടലിന്‍റെ അങ്ങേ അറ്റത്തു അമേരിക്കയും അവിടെ നേരം പുലര്‍ന്ന പ്രകാശം ആണ് ഞങ്ങള്‍ കാണുന്നതെന്നാണ് ശരിക്കും വിശ്വസിച്ചിരുന്നത്, ശുദ്ധ മണ്ടത്തരം! അത്രയ്കുള്ള വിവരമേ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നുള്ളൂ. അതു തിരുത്താന്‍ വീണ്ടും വര്‍ഷങ്ങളെടുത്തു.

എന്‍റെ വീടിനു മുന്‍വശം ഒരു മൂവാണ്ടാന്മാവ് ഉണ്ടായിരുന്നു അതിന്‍റെ ഒരു ചില്ല എന്‍റെ കയ്യ് എത്തും ദൂരത്ത്‌ താഴേക്ക്‌ ചാഞ്ഞു കിടന്നിരുന്നു. ആ മാവിന്‍റെ കൊമ്പുകളില്‍  ഒരുപാട് പക്ഷികള്‍ വന്നു പോകുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു, പ്രകൃതിയെയും ജീവജാലങ്ങളെയും കണ്ടും തൊട്ടും അറിയുന്നത് എന്‍റെ ഒരു ഹോബി ആയിരുന്നു. ഒരുദിവസം സന്ധ്യയ്ക്ക് അതിന്‍റെ താഴേക്ക്‌ ചാഞ്ഞു കിടക്കുന്ന ചില്ലയില്‍ കറുപ്പും വെള്ളയും ഇടകലര്‍ന്ന തൂവലുകലുള്ള ഒരു പക്ഷി ഇരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു, ഞാന്‍ എവിടെയും പോകാതെ അതിനെ തന്നെ നോക്കിക്കൊണ്ടിരുന്നു, ഇരുട്ട് കൂടിക്കൂടി വന്നു എന്‍റെ സന്തോഷവും, ഞാന്‍ കുറച്ചു നേരം കൂടി കാത്തിരുന്നു, അതിനി എവിടെയും പോകില്ല എന്നുറപ്പായപ്പോള്‍ ഞാന്‍ പതിയെ പതിയെ ശബ്ദമുണ്ടാക്കാതെ ആരും കാണാതെ ആ ചാഞ്ഞു കിടക്കുന്ന മരച്ചില്ലയുടെ അടുത്തേക്ക് നടന്നു ചെന്നു, എന്‍റെ വീടിന്‍റെ ഉമ്മറത്തെ കൊച്ചു വിളക്കിന്‍റെ വെളിച്ചത്തില്‍ അതിന്‍റെ വെള്ളതൂവലുകള്‍ മാത്രം കാണാം ആ ഭാഗത്തേക്ക് ഞാന്‍ പതുക്കെ കയ്യെത്തിച്ചു ...ഒറ്റപ്പിടുത്തം അതു പേടിച്ചു കരഞ്ഞു ഞാനും പേടിച്ചു അതെന്നെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു പക്ഷെ ഞാന്‍ പിടിവിട്ടില്ല. അതിന്‍റെ ശബ്ദം കേട്ട് വീടിനകത്ത് നിന്നും എല്ലാവരും പുറത്തേക്ക് വന്നു, എന്‍റെ കൈയ്യിലിരിക്കുന്ന പക്ഷിയെ കണ്ട് അമ്മ പറഞ്ഞു “ ഈ കൊച്ചിന് ഇതെന്തിന്‍റെ കേടാ അതു കരിയിലക്കിളി ആണ് അതിനെ നിനക്കെന്തിനാ കൊച്ചെ അതിനെ അങ്ങു വിട്ടേക്ക് ” അച്ഛന്‍ ഒന്നും മിണ്ടിയില്ല പറഞ്ഞിട്ട് കാര്യം ഇല്ലാ എന്നാണ് ആ മ്നത്തിന്‍റെ അര്‍ത്ഥം. ഞാന്‍ ഇതൊന്നും ഗവ്നിക്കാതെ അകത്തേക്ക് പോന്നു അതിനെ ഒരു പഴയ കാര്‍ഡ്ബോര്‍ഡ് പെട്ടിയിലാക്കി ഭദ്രമാക്കി അടച്ചു വച്ചു. അമ്മ കണ്ടതു കാരണം അതിന്‍റെ പേര് മനസിലായി “കരിയിലക്കിളി!”, അതിനു ചേര്‍ന്ന പേര് ഞാന്‍ മനസ്സില്‍ ചിരിച്ചു. പെട്ടെന്നാണ് ഓര്‍ത്തത്‌ ‘ഞാന്‍ പെട്ടി അടച്ചു വച്ചിരിക്കുകയല്ലേ അതിനു എങ്ങിനെ ശ്വാസം എടുക്കാന്‍ പറ്റും’, പെട്ടെന്ന് എന്‍റെ കുട്ടിബുദ്ധി ഉണര്‍ന്നു. ഞാന്‍ ഒരു കത്തി എടുത്തുകൊണ്ടു വന്ന്‍ പെട്ടിയില്‍ ഒരു ദ്വാരം ഇട്ടു കൊടുത്തു. “ ഹോ! സമാധാനമായി ഇല്ലെങ്കില്‍ അതിപോ ചത്തേനെ” ഞാന്‍ നെടുവീര്‍പിട്ടു. അമ്മ കാണാതെ കുറച്ചു ചോറ് എടുത്തു ഒരു ചിരട്ടയിലിട്ടു അതിനു വച്ചു കൊടുത്തിട്ട്  ഞാന്‍ ഉറങ്ങാന്‍പോയി. ഭക്ഷണം കൊടുത്താല്‍ അതിനു എന്നോടു സ്നേഹം തോന്നും എന്നായിരുന്നു എന്‍റെ വിശ്വാസം. മുത്തശശിക്കഥകള്‍ അടിച്ചേല്‍പിച്ച കുറെ മണ്ടത്തരങ്ങള്‍. എന്നാല്‍ കരിയിലക്കിളി അതൊന്നും ശ്രദ്ധിച്ചില്ല അത് പേടിച്ചിരിക്കുകായിരുന്നു.


പിറ്റേന്ന് നേരം പുലര്‍ന്നു ഉറക്കം ഉണര്‍ന്നു നേരെ പോയത് കരിയിലക്കിളിയുടെ അടുത്തേക്ക് ആണ്. ഞെട്ടിപ്പോയി... കാര്‍ഡ്ബോര്‍ഡ് പെട്ടി തുറന്നു കിടക്കുന്നു അതില്‍ ഒന്നുമില്ല, ഉറുമ്പ് അരിച്ച കുറച്ചു ചോറും കുറെ ഉറുമ്പുകളും മാത്രം. എനിക്ക് സങ്കടം വന്നു എത്ര പാടുപെട്ടു പിടിച്ചതാ അതിനെ.... ഞന്‍ ഓടി അമ്മയുടെ അടുത്തു ചെന്ന് ദേഷ്യപ്പെട്ടു ചോതിച്ചു “ ഹും എന്‍റെ കിളി എവിടെ അമ്മ അതിനെ എന്ത് ചെയ്തു?” അമ്മ ഒന്നും മിണ്ടിയില്ല തിരക്കിട്ടു വീട്ടുജോലികള്‍ ചെയ്തുകൊണ്ടിരുന്നു. അതുകണ്ട് എന്‍റെ ദേഷ്യം ഇരട്ടിച്ചു  ഞാന്‍  വീണ്ടും ചോദ്യം ആവര്‍ത്തിച്ചു അമ്മ ഒന്നും മിണ്ടിയില്ല എനിക്ക് സങ്കടം വന്നു  ഞാന്‍ കരയാന്‍ തുടങ്ങി, അപ്പോള്‍ അമ്മ ദേഷ്യപ്പെട്ടുകൊണ്ട് പറഞ്ഞു “ ദേ.. ഇവിടെ കണ്ടുപോകരുത്  ഞാന്‍ ഇന്നലെ പറഞ്ഞതാ അതിനെ കളഞ്ഞെക്കാന്‍ നീ അനുസരിച്ചില്ല അതിനെ കൊന്നെടുത്തപ്പോ സമാധാനം ആയി ” ഒന്നും മിണ്ടാതെ  ഞാന്‍ നിന്നു പിന്നെ മെല്ലെ അടുക്കളപ്പുറത്തെക്ക് നടന്നു, ഞെട്ടിപ്പോയി! അവിടെ കോലായില്‍ അടിച്ചുവാരിയില്‍ ശവസംസ്കാരച്ചടങ്ങിനായി കാത്തുകിടക്കുന്നു എന്‍റെ കരിയിലക്കിളി. കണ്ണുകളിലും കൊക്കിലും എല്ലാം  ഉറുമ്പുകള്‍ പിടിച്ചിരിക്കുന്നു, ഞാന്‍ തൊട്ടു നോക്കി ഒരു വടി കണക്കെ മരവിച്ചിരിക്കുന്നു. അമ്മ അടുക്കളയില്‍ എന്നെ കുറ്റപ്പെടുത്തിക്കൊണ്ട് എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. ഒന്നു മാത്രം ഞാന്‍ കേട്ടു അതു ഇതാണ് “ ഈ കുട്ടി ഈ ശാപമോക്കെ എവിടെ കൊണ്ടുപോയി കളയും? ”. ശാപം എന്ന വാക്കിന്‍റെ ആഴം എനിക്കുണ്ടോ അന്നറിയുന്നു.


അതിന്‍റെ ശവസംസ്കാരച്ചടങ്ങിനെ കുറിച്ച് ആയിരുന്നു പിന്നെ എന്‍റെ ചിന്ത. ....എന്താ ചെയ്യേണ്ടത്  ഞാന്‍ ആലോചിച്ചു. അപ്പോഴാണ് മാസങ്ങള്‍ക്ക് മുന്‍പ് മരിച്ച മുത്തശ്ശിയുടെ സംസ്കാരച്ചടങ്ങിനെ കുറിച്ച് എനിക്ക് ഓര്‍മ്മ വന്നത്. ഞാന്‍ പെട്ടെന്ന് ഉമ്മറത്ത്‌ തുളസിത്തറയുടെ അടുത്തേക്ക് ഓടി അമ്മ കാണാതെ കുറച്ചു തുളസി ഇല പൊട്ടിച്ചെടുത്തു, വീടുവളപ്പില്‍ നിന്നിരുന്ന ചെത്തിയില്‍ നിന്നും കുറച്ചു ചെത്തി പൂവും, അവയെല്ലാം ഒരു കടലാസില്‍ പൊതിഞ്ഞെടുത്ത് വീടിന്‍റെ തെക്കുകിഴക്കേ മൂലയിലേക്ക് നടന്നു അവിടെ കരിയിലക്കിളിക്കു കിടക്കാന്‍ പാകത്തിനു ഒരു കുഴിയെടുത്തു അതിലേക്കു കുറച്ചു തുളസി ഇലയും ചെത്തിപ്പൂവും വിതറിയിട്ട് ഞാന്‍ തിരിച്ചു കരിയിലക്കിളിയുടെ അടുത്തേക്ക് നടന്നു, സങ്കടത്തോടെ അതിനെ കയ്യിലെടുത്തു, വീണ്ടും കുഴിയുടെ അടുത്തേക്ക് ചെന്ന് അതിനെ ഭവ്യതയോടെ കുഴിയിലേക്ക് വച്ചു. ബാക്കി വന്ന ചെത്തിപൂവും തുളസി ഇലയും കയ്യിലെടുത്തു പ്രാര്‍ത്ഥിച്ചു. മനസിലപ്പോള്‍ മുത്തശ്ശിയുടെ മൃതദേഹത്തിനു മുന്‍പില്‍ കരഞ്ഞുകൊണ്ട്‌ നിന്ന് പൂജാപുഷ്പങ്ങള്‍ അര്‍പിച്ച അമ്മയുടെ മുഖം ആയിരുന്നു. ഗൌരവത്തിനു ഒട്ടും കുറവുവരാതെ ഞാനും കൈയ്യിലിരുന്ന പൂജാപുഷ്പങ്ങള്‍ കരിയിലക്കിളിയുടെ ദേഹത്തേക്ക് കുടഞ്ഞിട്ടു മണ്ണുകൊണ്ട് മൂടി അതിനു മുകളില്‍ ഒരു കൊച്ചു തുളസിത്തൈയ്യും നട്ടുവച്ചു  ഞാന്‍ തിരിഞ്ഞു നടന്നു വീടിനകത്തേക്ക്, വരാന്തയിലേക്ക്‌ കയറാന്‍ കാലെടുത്തു വച്ചപ്പോളാണ് കണ്ടതു അതാ അല്ലാവരും  ഞാന്‍ നടത്തിയ സംസ്കരച്ചടങ്ങും കണ്ട് രസിച്ചുകൊണ്ട് നില്‍ക്കുന്നു, ഞാന്‍ നാണിച്ചുപോയി അവര്‍ എന്നെ നോക്കി കളിയാക്കി ചിരിച്ചു എന്നെ ഓടിച്ചു അകത്തേക്കു വിട്ടു. സ്നേഹിച്ചു വളര്‍ത്താനാണ്    ഞാന്‍  അതിനെ പിടിച്ചത് പക്ഷെ എന്‍റെ സ്നേഹം അതിനു വിനയായി. 
 
ഇനിയും ഒരുപാടുണ്ട് പറയാന്‍ പക്ഷെ ഇവിടെ നിര്‍ത്തുന്നു. ഒന്നുകൂടി ഞാന്‍ പറയാം ഇന്നവിടെ ആ  മൂവാണ്ടന്‍മാവില്ല, കരിയിലക്കിളിയുമില്ല ഞാനുമില്ല ജീര്‍ണിച്ച എന്‍റെ ആ പഴയ വീട് മാത്രം. കാലം എന്നെയും മൂവാണ്ടന്‍ മാവിനേയും കരിയിലക്കിളിയെയും അവിടെനിന്നും അകറ്റി  ഇപ്പോള്‍‌ അവിടെ ആ കൊച്ചു വീടു മാത്രം താമസിയാതെ അതിന്‍റെ അന്ത്യവും സംഭവിക്കും. ഓര്‍മ്മകള്‍ മാത്രം ബാക്കിയാകും.


Popular posts from this blog

HOW CAN WE UPLOAD GSTR1 DIRECTLY FROM TALLY ERP9?

Master Ajas - പുലിമുരുകനിലെ പുലിക്കുട്ടി

ലേറ്റസ്റ്റ് ന്യൂസ്‌ - മലയാളി യുവാവിനെ തിരുവനന്തപുരത്ത് പൈശാചികമായി കൊലപ്പെടുത്തി