മറക്കാത്ത ഓര്‍മ്മകള്‍,
ചിന്നിച്ചിണുങ്ങി പെയ്യുന്ന മഴ, ഇരുണ്ടുകൂടി വിഷാദം തളംകെട്ടിനില്‍ക്കുന്ന അന്തരീക്ഷം, എന്‍റെ മനസ്സ് പോലെ..........
രണ്ടുമണി നേരമേ ആയിട്ടുള്ളൂ, ഉച്ചയൂണ് കഴിഞ്ഞു ചെറിയമ്മയും കുട്ടികളും അവരുടെ പതിവുറക്കത്തിലാണ് ..................എനിക്കും ഉറങ്ങാനാണ് ഉത്തരവ് പക്ഷെ എന്തുകൊണ്ടോ കഴിഞ്ഞില്ല. നാളെ എനിക്ക് തിരിച്ചു പോകേണ്ട ദിവസം ആണ് അതോര്‍ക്കുമ്പോള്‍ എന്തോ നഷ്ടപ്പെടാന്‍ പോകുന്നപോലെ ഒരു തോന്നല്‍.
നിലത്തു വിരിച്ചിരുന്ന തഴപ്പായില്‍ നിന്നും ശബ്ദമുണ്ടാക്കാതെ ഞാന്‍ എണീറ്റു പതിയെ കിടപ്പുമുറിയുടെ വടക്കേ ഭാഗത്തുള്ള ജനലിനടുത്തെക്കു നടന്നു ............എന്‍റെ മുഖവും കണ്ണുകളും രണ്ടു പാളികള്‍ മാത്രമുള്ള ആ കൊച്ചു ജനലിന്‍റെ അഴികളില്‍ ചേര്‍ത്ത് വച്ചു വിദൂരതയിലേക്ക് നോക്കി ഞാന്‍ നിന്നു . മഴക്കാറിന്‍റെ നേര്‍ത്ത മൂടല്‍, ......ഒരു നവവധുവിനെപോലെ, കളകള നാദത്തോടെ , കൊച്ചുകൊച്ചു പാറക്കൂട്ടങ്ങളെ തഴുകി ഉണര്‍ത്തി ഇക്കിളിയാക്കി, ഇനിയും ഒരുപാട് ദൂരം പിന്നിടേണ്ടതുണ്ടെന്ന്‍ കരയോട് കുശലം പറഞ്ഞു മന്ദം മന്ദം ഒഴുകുന്ന കിന്നരി പുഴ........അതിനൊരു ലക്ഷ്യമുണ്ട് ..... തനിക്കോ........അന്നത്തെ മാനസികാവസ്ഥയില്‍ എനിക്കെന്തോ അങ്ങനെ ഒരു നിരാശ അനുഭവപ്പെട്ടു.
സൌന്ദര്യം നിറഞ്ഞു തുളുമ്പി നില്ക്കുന്ന ഒരു കൊച്ചു ഗ്രാമത്തിലാണ് ഞാനപ്പോള്‍ എനിക്കന്നു പത്തു പതിനൊന്നു വയസ്സ് പ്രായംവരും.....ആറാംക്ലാസ്സില്‍ പരീക്ഷ കഴിഞ്ഞു അവധിക്കാലം ആസ്വദിക്കാന്‍ എത്തിയിരിക്കുകയാണ് ചെറിയമ്മയുടെ വീട്ടില്‍.
പറമ്പും , പാടവും, മണ്ണാത്തിക്കിളികളുടെ കലപില ശബ്ദവും,..................... എങ്ങും തേന്‍വരിക്കച്ചക്കയുടെ കൊതിയൂറുന്ന ഗന്ധവും, പുഴയുടെ നേര്‍ത്ത കളകളസംഗീതവും കൊണ്ട് അനുഗ്രഹീതമായ ഗ്രാമം. കൊതി തീരുന്നില്ല ഈ മധുര സൗരഭ്യവും സൌന്ദര്യവും ആസ്വദിച്ച്. പുഴയില്‍ കുളിക്കാന്‍ ചെറിയമ്മ വല്ലപ്പോഴും അനുവാദം തന്നിട്ടുണ്ട് അപ്പോഴെല്ലാം ഞങ്ങള്‍ അതാസ്വദിച്ചിട്ടുണ്ട് , .....................എനിക്ക് നീന്താനറിയില്ല കുട്ടികള്‍ നീന്തിത്തുടിക്കുമ്പോള്‍ ഞാന്‍ പതിയെ വെള്ളത്തിലേക്ക് കാലെടുത്തു വയ്ക്കും പിന്നെ പേടിച്ചു പേടിച്ചു കല്പ്പടവിനു താഴെ അരയടി മാത്രം വെള്ളമുള്ള സ്ഥലത്ത് ഇരിക്കാന്‍ ശ്രമിക്കും ഹോ! പെട്ടെന്നൊരു കുളിര് ശരീരത്തിലേക്ക് പടരും .....അല്ലാവരും കുളിക്കവേ എന്‍റെ ശ്രദ്ധ മുഴുവന്‍ അരികില്‍ വിലസുന്ന ചെമ്മീന്‍ കുഞ്ഞുഞ്ഞളിലും, മണ്ണില്‍ പതുങ്ങി ഇരിക്കുന്ന മുതലക്കുഞ്ഞുപോലുള്ള മീനിലും (ഒറത്തല്‍) ആയിരിക്കും. ചെങ്കല്‍ പടവിന്‍റെ ഇടയില്‍ ഒളിച്ചിരിക്കുന്ന വിഷഞ്ഞണ്ടിന്‍റെ കടി ഒരു ദിവസം കിട്ടിയതോടെ അവയ്ക്ക് എന്നെക്കൊണ്ടുള്ള ശല്യം ഒഴിവായിക്കിട്ടി.
ഒരുപാട് കൂട്ടുകാര്‍ ആണ്‍ വ്യത്യാസം ഇല്ലാതെ.....ഓടി നടക്കാന്‍ പലനിറത്തിലുള്ള പൂക്കള്‍വിരിയുന്ന കാട്ടുചെടികള്‍ നിറഞ്ഞ നീണ്ടുനിവര്‍ന്നു കിടക്കുന്ന കുഞ്ഞുണ്ണിനായരുടെ പറമ്പും പാടവും ഇതിനുമപ്പുറം എന്‍റെ ഏറ്റവും പ്രിയപ്പെട്ട ചക്കപ്പഴം ഒരുപാട് വിളയുന്ന സ്ഥലം, ജാതിക്ക വേണ്ടുവോളം ......ജാതിക്കത്തൊണ്ട് കൊണ്ടുണ്ടാക്കിയ അച്ചാറിന്‍റെ രുചി ഇന്നും പോയിട്ടില്ല നാവില്‍നിന്നും. സ്വര്‍ഗംകിട്ടിയതുപോലെ ആയിരുന്നു ആ അവധിക്കാലം...
ഇപ്പോള്‍ അതൊരു ഓര്‍മ മാത്രം ആണ്. ..... ചെറിയമ്മ അന്നേ ആ നാട്ടില്‍നിന്നും പോന്നു എറണാകുളത്ത് ചെറിയച്ചന്‍റെ ജോലിസ്ഥലത്തിന് അടുത്തായിട്ടു വീടുവച്ചു.
Comments
Post a Comment