വിടരും മുന്‍പേ തച്ചുടക്കപ്പെട്ട ഒരു പനിനീര്‍പൂവ്

" പ്രിയ കൂട്ടുകാരെ ഇത് ഒരു  കഥ അല്ല ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ആത്മഹത്യ ചെയ്ത ഒരു പെണ്‍കുട്ടിയുടെ ജീവിതമാണ്‌. "


അന്ന് ഞാന്‍ എന്‍റെ കൂട്ടുകാരി നിമ്മിയെ  കണാന്‍ പോയ ദിവസം, ഒരു സന്ധ്യാസമയം, അവളുടെ വീടിന്‍റെ വിശാലമായ മുറ്റത്തു അവളുടെ കൂടെ സംസാരിച്ചുകൊണ്ട് ഒരമ്മയും മകളും നില്‍ക്കുന്നു. എന്നെ കണ്ടപ്പോള്‍ അവര്‍ സംസാരം നിര്‍ത്തി എന്നെ ദയനീയമായി ഒന്നു നോക്കിച്ചിരിച്ചു, നിമ്മിയോടു യാത്രപറഞ്ഞ്‌ ഇരുവരും പുറത്തേക്കു ഇറങ്ങി. ആ അമ്മയുടെ കൈത്തണ്ടയില്‍ തൂങ്ങി നടക്കുന്ന ശാലീനസുന്ദരിയായ പെണ്‍കുട്ടി, വല്ലാത്ത ഒരു ‍‌ചൈതന്യം ആ മുഖത്ത്, ഓമനത്തമുള്ള മുഖം  കണ്ണെടുക്കാന്‍ തോന്നില്ല ആര്‍ക്കും, കുറച്ചു സമയം കൂടി അവര്‍ അവിടെ ചിലവഴിച്ചിരുന്നുവെങ്കിലെന്നു എന്ന്   ഞാന്‍ ആഗ്രഹിച്ചു.

  അമ്മയും മകളും പോയിക്കഴിഞ്ഞിരുന്നു. “ നീ എന്താ സ്വപ്നം കാണുകയാണോ” നിമ്മിയുടെ ചോദ്യം, പെട്ടെന്ന്  ഞാന്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നു നിമ്മിയെ നോക്കി പിറുപിറുത്തു “എന്തു ഭംഗിയാ നിമ്മീ ആ കുട്ടിയെ കണാന്‍ ആരും നോക്കി നിന്നുപോകും”. “ മ്ഹും അതാണോ കാര്യം  അതില്‍  അത്ഭുതപ്പെടാന്‍ ഒന്നുമില്ല അവളുടെ പപ്പയെ പോലെ ആണ് അവളും...അയാള്‍  കണാന്‍ നല്ല മിടുക്കനാണ്” നിമ്മി പറഞ്ഞു.

  സത്യത്തില്‍ എനിക്ക് അസൂയ തോന്നി ആ കുട്ടിയോടും അതിന്‍റെ മാതാപിതാക്കളോടും. അവര്‍ പോയി ഞാനും നിമ്മിയും ഞങ്ങളുടെ പതിവ് സല്ലാപതതിലേക്ക് കടന്നു, മിക്കവാറും സാമ്പത്തികവും, പാചകവും ആയിരിക്കും ഞങ്ങളുടെ വിഷയം. പക്ഷെ അന്നു  ഞാന്‍ വിഷയം മാറ്റിപ്പിടിച്ചു, എനിക്ക് ആ കുട്ടിയെ കുറിച്ച് കൂടുതല്‍ അറിയണമായിരുന്നു. ഞാന്‍ നിമ്മിയോടു അവരെ കുറിച്ച് 
ചോദിച്ചറിഞ്ഞു എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ വേണ്ടിയിരുന്നില്ല എന്ന് തോന്നി.

  ഇനി പറയാന്‍ പോകുന്നത് അവരുടെ കഥ. ആവശ്യത്തിലധികം സ്വത്തും അഭിമാനവും കൈമുതലായിട്ടുള്ള ഒരു നല്ല കുടുംബത്തില്‍ ജനിച്ച ഏക പെണ്‍തരി,  കണാന്‍  സുന്ദരി എന്നു  പറയാന്‍ പറ്റില്ല എന്നാലും തരക്കേടില്ലെന്നു പറയാം, കൊഞ്ചിച്ചു  കൊണ്ടുനടക്കാന്‍ തണ്ടും തടിയുമുള്ള മുന്നു ആങ്ങളമാരും, ഇതില്‍ കൂടുതല്‍ എന്തു വേണം ഒരു പെണ്‍കുട്ടിക്ക്. പക്ഷെ ഈശ്വരന്‍ കൊടുത്ത ‌സൌഭാഗ്യത്തില്‍  ആ പെണ്‍കുട്ടി അഹങ്കരിച്ചു. പ്ലസ്‌ടുവിനു   പഠിക്കുമ്പോള്‍  ആയിരുന്നു ആ സംഭവം  കാണാന്‍ സുന്ദരനും സുമുഘനുമായ ഒരു  ചെറുപ്പക്കാരന്‍  കഷ്ടിച്ച് ഇരുപതു  അല്ലെങ്കില്‍ ഇരുപത്തൊന്നു വയസ്സ് പ്രായം വരും, പെണ്‍കുട്ടിയെ ചുറ്റിപ്പറ്റി നടക്കാന്‍ തുടങ്ങി. സ്കൂളിലും, പള്ളിയിലും എന്നുവേണ്ട പെണ്‍കുട്ടി പോകുന്നിടത്തെല്ലാം ഈ  ചെറുപ്പക്കാരനെ  കാണാന്‍ തുടങ്ങി.  പതിയെപ്പതിയെ പെണ്‍കുട്ടിയുടെ മനസ്സില്‍ ആ സുന്ദരമുഖം  അവള്‍ പോലുമറിയാതെ.... അടര്‍ത്തിമാറ്റാന്‍ കഴിയാത്തവിധം ആഴത്തില്‍ പതിഞ്ഞു. സ്കൂള്‍ പരിസരവും ഇടവഴികളും അവരുടെ സ്നേഹ സല്ലാപങ്ങല്‍കുള്ള വേദിയായി.
  കാലം വീണ്ടും കടന്നുപോയി അവരുടെ സ്നേഹത്തിനു ഒരു കുറവും സംഭവിച്ചില്ല. പെണ്‍കുട്ടി പ്ലസ്‌ടുവും, ഡിഗ്രിയും കഴിഞ്ഞു ഒരു പ്രൈവറ്റ് സ്ഥാപനത്തില്‍ ജോലിക്ക് പോയിത്തുടങ്ങി. പെണ്‍കുട്ടിക്ക് വീട്ടില്‍ ചില കല്ല്യാണ ആലോചനയൊക്കെ വന്നു തുടങ്ങിയ സമയം, ഒരു ദിവസം പെണ്‍കുട്ടിയെ കാണാതായി, വീട്ടുകാര്‍ അറിഞ്ഞുകൊണ്ട്‌ അവരുടെ വിവാഹം നടക്കില്ലെന്നു മനസിലാക്കിയ  അവര്‍ കൂടുകാരുടെ സഹായത്തോടെ ഒളിച്ചോടുകയായിരുന്നു. വിവരം അറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മകള്‍ ഉണ്ടാക്കിയ  നാണക്കേടില്‍  ക്ഷുഭിതരായി,  അറുത്തു മുറിച്ച പോലെ അവര്‍ ആ മകളെ ഉപേക്ഷിക്കുകയായിരുന്നു. പിന്നെ ഒരിക്കലും  അവര്‍ അവളെ അന്വേഷിച്ചില്ല, പെറ്റമ്മയുടെ മരണം പോലും അറിയിച്ചില്ല അത്രയ്ക്ക് അവര്‍ അവളെ മനസ്സില്‍ നിന്നും മുറിച്ചു മാറ്റി കഴിഞ്ഞിരുന്നു.  

    ഒളിച്ചോടിയ അവര്‍ ഒരു വീട്‌ വാടകയ്ക്കെടുത്തു താമസം തുടങ്ങി, ആദ്യമൊക്കെ സന്തോഷം നിറഞ്ഞതായിരുന്നു അവരുടെ ജീവിതം. പിന്നെ പ്പിന്നെ ചെറിയ ചെറിയ അപസ്വരങ്ങള്‍ ഉണ്ടായിതുടങ്ങി, ദിവസവും മദ്യപിച്ചു എത്തുന്നത്  അയാള്‍ ഒരു ശീലമാക്കി. കല്യാണശേഷം പെണ്ണിന്‍റെ വീട്ടുകാര്‍ ആംഗീകരിക്കും അങ്ങനെ അവളുടെ സ്വത്തുക്കള്‍ക്ക് അവകാശി ആകാന്‍ തനിക്കു പറ്റും എന്നാണ്  അയാള്‍ വിചാരിച്ചിരുന്നത് പക്ഷെ പ്രതീക്ഷകള്‍ക്ക് വിപരീതമായാണ് എല്ലാം സംഭവിച്ചത്. താന്തോന്നിയായ അന്യ ജാതിക്കാരന്‍റെ കൂടെ ഒളിച്ചോടി നാണക്കേടുണ്ടാക്കിയ മകളെ ഒരിക്കല്‍പോലും  അവര്‍ അന്വേഷിച്ചില്ല. വീട്ടുകാരുടെ പേരുപറഞ്ഞു അവന്‍ അവളെ  ഉപദ്രവിക്കാന്‍  തുടങ്ങി.
ഇതിനിടയില്‍ അവര്‍ക്ക് ഒരു പെണ്‍കുഞ്ഞു ജെനിച്ചു, ദിവസങ്ങളും വര്‍ഷങ്ങളും പിന്നിടുന്തോറും  അവള്‍ വളര്‍ന്നു കൊണ്ടിരുന്നു, ഒപ്പം കഷ്ടപ്പാടും ദുരിതവും ഇതൊക്കെയാണെങ്കിലും അവള്‍ നന്നായി പഠിക്കുമായിരുന്നു  അവള്‍ പ്ലസ്‌ടു കഴിഞ്ഞു ഡിഗ്രിയ്ക്കു ചേര്‍ന്നു. വീട്ടിലെ പ്രാരാബ്ദം  കൂടിയപ്പോള്‍ അവളുടെ മമ്മി ഒരു ചെറിയ പ്രൈവറ്റ് സ്ഥാപനത്തില്‍ ജോലിക്ക്  പോകാനും തുടങ്ങി.. ദിവസവും മദ്യപിച്ചു വരുന്ന അവളുടെ പപ്പയ്ക്ക്   അവള്‍ ഒരു ഓമനയായ  പുത്രി അല്ലായിരുന്നു പകരം അയാളുടെ ദേഷ്യം തീര്‍ക്കാനുള്ള ഒരു വസ്തു! മമ്മിയെപോലെ.....

  ഒരു ദിവസം ജോലി കഴിഞ്ഞു വീട്ടില്‍ വന്ന അവളുടെ അമ്മ കണ്ടതു തന്‍റെ  മകള്‍ ഒരു മൂലയ്ക്ക് കുത്തിയിരുന്നു കരയുന്നതാണ്, ചായയിട്ടു    കൊടുക്കാന്‍ വയ്കിയത്തിനു പപ്പ നല്‍കിയ സമ്മാനം അവള്‍ മമ്മിയ്ക്ക് കാണിച്ചു കൊടുത്തു, അയാളുടെ ബാലപരീക്ഷണത്തില്‍ ആ കുട്ടിയുടെ കൈ ഒടിഞ്ഞിരുന്നു, മകളെയും കൊണ്ട് നിരാലംബയായ ആ അമ്മ അടുള്ള ഒരു ചെറിയ ആശുപത്രിയിലെക്കോടി, ഉണ്ടായ സംഭവം പറഞ്ഞപ്പോള്‍ ആശുപത്രി അധികൃതര്‍  പോലീസില്‍ അറിയിച്ചു. അയാളെ പോലീസ്‌ കണ്ടുപിടിച്ച്‌ നല്ല തല്ലും താക്കീതും നല്‍കി വിട്ടു. പക്ഷെ അയാള്‍ക്ക് അതൊന്നും പുത്തരിയല്ലായിരുന്നു. അയാള്‍ വീണ്ടും അയാളുടെ പതിവു പരിപാടികള്‍ തുടര്‍ന്നു. മകളെ ഒറ്റയ്ക്ക്  വീട്ടില്‍  ഇരുത്താന്‍ ആ അമ്മയ്ക്ക് പേടിയാണ്, ക്ലാസ്സ്‌ കഴിഞ്ഞു ആ കുട്ടി നേരെ അമ്മയുടെ ജോലി സ്ഥലത്തേക്ക്  പോകാന്‍ തുടങ്ങി അവിടന്ന് വീടിലേക്ക്‌ അവര്‍ ഒരുമിച്ചും.

  ഈ ജീവിതം ഇങ്ങിനെ തുടര്‍ന്നു കൊണ്ടിരിക്കുന്ന അവസരത്തിലാണ് ഞാന്‍ നിമ്മിയുടെ വീട്ടില്‍ വച്ച്‌ ആ അമ്മയെയും മകളെയും കാണുന്നത്. ആ കുട്ടിയുടെ സുരക്ഷ മാത്രമേ ആ അമ്മ ആഗ്രഹിച്ചിരുന്നുള്ളു. കയറിക്കിടക്കാന്‍ സ്വന്തമായിട്ട് ഒരു കുടില് പോലുമില്ല അവര്‍ക്ക്. ജീവിതം  അവര്‍ക്ക് വളരെ ദുസ്സഹമായിക്കഴിഞ്ഞിരുന്നു. എങ്കിലും ആ മകള്‍ക്കുവേണ്ടി അവര്‍ ജീവിച്ചല്ലേ പറ്റൂ. അവള്‍ മാത്രം ആണ് ആ അമ്മയുടെ പ്രതീക്ഷ. ഇതിനിടയില്‍  അവര്‍ നിമ്മിയുടെ വീടിനടുത്തു നിന്നും മാറി വേറെ എവിടെയോ ഒരു വാടക വീടെടുത്തു. അങ്ങനെ അവരെ കുറിച്ച് ഞങ്ങള്‍ക്ക് ഒരു വിവരവും ഇല്ലാതായി.

  മാസങ്ങള്‍ക്ക് ശേഷം ഒരു ദിവസം നിമ്മി ഷോപ്പിംഗ്‌ കഴിഞ്ഞു വീട്ടിലേക്ക്‌ മടങ്ങവേ ഒരു ഓട്ടോ പിടിച്ചു, കയറി ഇരുന്നപ്പോളാണ് കണ്ടത്‌ അതിന്‍റെ ഡ്രൈവര്‍  ആ അമ്മയും മകളും വാടകയ്ക്ക് താമസിച്ചിരുന്ന ജീര്‍ണിച്ച വീടിന്‍റെ ഉടമസ്ഥനാണ്.  അയാള്‍  കുശലന്വാഷണത്തിനിടയില്‍ നിമ്മിയോടു ചോതിച്ചു “അറിഞ്ഞോ എന്‍റെ  വീട്ടില്‍ താമസിച്ചിരുന്നവരുടെ മകള്‍ ആത്മഹത്യ ചെയ്തു” നിമ്മി ഞെട്ടിപ്പോയി! ........കുറച്ചു സമയത്തേക്ക് അവള്‍ക്കു ഒന്നും  മിണ്ടാന്‍ കഴിഞ്ഞില്ല. ശരീത്തിനു ഭാരം ഇല്ലാതാകുന്ന പോലെ തോന്നി......   “ അവന്‍റെ ശല്ല്യം  സഹിക്കാന്‍ വയ്യാഞ്ഞിട്ടാണ് അതീ കടുംകയ്യ് ചെയ്തതെന്നാണ്  ആളുകള്‍ പറയുന്നത്, നല്ല കുട്ടിയായിരുന്നു അതിനെന്താ ദൈവം ഒരു ജീവിതം കൊടുക്കാഞ്ഞത്‌? അവനെ പോലിസ് പോക്കിയെന്നാ കേട്ടത്, വിടരുതവനെ കൈയും കാലും കൂട്ടിക്കെട്ടി പട്ടിണിക്കിട്ട് തല്ലണം, അപ്പോഴേ മറ്റുള്ളവരുടെ വേദന മനസ്സിലാകൂ,  അവനു വീവിക്കാന്‍ ഇനി അവകാശം ഇല്ല, സ്വന്തം കുഞ്ഞിനെ കൊലയ്ക്കുകൊടുത്ത മഹാപാപി ............”          വണ്ടി ഓടിക്കുന്നതിനോപ്പം  അയ്യാള്‍ പറഞ്ഞു കൊണ്ടിരുന്നു. നിമ്മിയുടെ വീടിനു മുന്നില്‍ ഓട്ടോ നിന്നു, ബാഗില്‍ നിന്നും ഒരു നൂറിന്‍റെ നോട്ടെടുത്ത് കൊടുത്തു ബാലന്‍സ്‌ പോലും വാങ്ങിക്കാതെ യന്ത്രികമെന്നോണം നിമ്മി വീടിനകത്തേക്ക് കയറിപ്പോയി. 


ഏകദേശം വൈകീട്ട്‌  ഏഴു മണി സമയം എനിക്ക് നിമ്മിയുടെ ഒരു  കോള്‍ വന്നു, പാചകത്തിന്‍റെ തിരക്കിലായിരുന്ന  ഞാന്‍ ഒരുപാട് റിങ്ങുകള്‍ക്ക് ശേഷമാണു ഫോണ്‍ എടുത്തത്‌ “അയ്യോ നിമ്മിയാണല്ലോ...”, “ ഹലോ....”  മറുവശത്ത്  തേങ്ങലുകള്‍ മാത്രം, ഞാന്‍ അകെ വല്ലാതായി എന്താണാവോ സംഭവിച്ചത്, “ നിമ്മി നീ കരയാതെ കാര്യം പറയ്” വീണ്ടും നിശബ്ദത പതിയെ അവള്‍ എന്നോട് നടന്ന  കാര്യങ്ങള്‍  പറഞ്ഞു. ഞാന്‍ വാപൊളിച്ചു നിന്നുപോയി ഒന്നും  പറയാന്‍ പറ്റാതെ.......................
  

  പിന്നീടു ഒരു ദിവസം എന്നെ കണ്ടപ്പോള്‍  നിമ്മി ചോതിച്ചു “ നമ്മുടെയൊക്കെ കണ്ണേറ്റിട്ടാണോ ആ കുട്ടിക്കിതു സംഭവിച്ചത്‌...” നിമ്മിക്ക് സങ്കടം, “ഹേയ് അതൊന്നുമല്ല വിധിയാ അനുഭവിക്കാതെ പറ്റില്ല, ആ കുട്ടിക്ക് മടുത്തു കാണും  പ്രതീക്ഷകള്‍ നഷ്ടപെട്ടുകാണും, ഇതുപോലെ ഒരു പിതാവിന്‍റെ മകള്‍ ആയിട്ടു തുടരാനുള്ള ശക്തി അതിനില്ല പാവം” ഞാന്‍ പറഞ്ഞു.....

അങ്ങിനെ വിടര്‍ന്നു സൗരഭ്യം പരത്തും മുന്‍പേ തച്ചുടക്കപെട്ടു ആ ചെമ്പനിനീര്പൂവ്......

ഇതു ഈ ഒരു കുട്ടിയുടെയോ ഒരമ്മയുടെയോ മാത്രം കഥയല്ല...... അറിഞ്ഞും അറിയാതെയും ഇനിയും ഒരുപാടുണ്ട്....

Comments

Popular posts from this blog

HOW CAN WE UPLOAD GSTR1 DIRECTLY FROM TALLY ERP9?

Master Ajas - പുലിമുരുകനിലെ പുലിക്കുട്ടി

ലേറ്റസ്റ്റ് ന്യൂസ്‌ - മലയാളി യുവാവിനെ തിരുവനന്തപുരത്ത് പൈശാചികമായി കൊലപ്പെടുത്തി